കപ്പടിച്ചു കലിപ്പടക്കാൻ ഇവാന്റെ കുട്ടികൾ റെഡിയാണ്

 2022-2023 ഇന്ത്യൻ സൂപ്പർ ലീഗിന്റെ 9 സീസണിന് പന്തുരുളാൻ കേവലം ഒരു മാസം നീളുന്ന രാത്രികളാണ് അവശേഷിക്കുന്നത്. നിരവധി വിദേശ സൈനിങ്ങുകളും കൈമാറ്റങ്ങളുടെ ആഭ്യന്തര സൈനിങ്ങുകളുടെയും അകമ്പടിയോടെ സീസണിലെ ട്രാൻസ്ഫർ വിൻഡോയും അവസാനിച്ചു കഴിഞ്ഞു.പ്രതീക്ഷകളുടെ ചിറകിലേറി കിട്ടാകനിയായ സ്വപ്നങ്ങൾ തേടുന്ന മഞ്ഞ നിറമുള്ള കുപ്പായമണിഞ്ഞു ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ആർത്തലച്ചുയരുന്ന ലക്ഷ കണക്കിന് പേരുടെ പിൻബലവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ അങ്ക കളത്തിലിറങ്ങാൻ തയ്യാറെടുത്തിട്ടുണ്ട്.


കഴിഞ്ഞ സീസണിൽ ടീമിന്റെ കുന്തമുനകളായി പ്രവർത്തിച്ച സ്പാനിഷ് താരം അൽവരോ വസ്കസിനെയും അർജന്റീനിയൻ താരം ജോർഹെ പെരേര ഡയസിനെയും ലീഗിലെ എതിർ ടീമുകൾ സ്വന്തമാക്കിയതിന്റെ വേദന ആരാധക മനസുകളിൽ ഇപ്പോഴുമുണ്ട്.കൂടാതെ ആരാധക പ്രിയതാരമായ എനസ് സിപോവിചിന്റെയും ഭൂട്ടാനീസ് റൊണാൾഡോ എന്ന് വിളിപ്പേരുള്ള ചെഞ്ചോയുടെയും പടിയിറങ്ങൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ മനസ്സ് തകർക്കുന്ന വാർത്തകൾ തന്നെയായിരുന്നു.


ജീവന് തുല്യം സ്നേഹിച്ച വിദേശ താരങ്ങളുടെ വിട പറച്ചിലിന്റെ വേദനകൾ നീറുന്ന ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിൽ പുതിയ സൂപ്പർ ഹീറോസിനെ കൊണ്ടുവന്നു.സ്പനിഷ് താരം വിക്ടർ മോംഗിലും, ഗ്രീക്ക് മുന്നേറ്റ നിര താരങ്ങളായ ദിമിത്രിയോസും ജിയാനുവും പിന്നെ ഉക്രൈൻ താരമായ ഇവാൻ കലിയൂഷ്‌നിയുടെ വരവുമെല്ലാം ആരാധകർക്ക് പുതുപ്രതീക്ഷകൾ നൽകുന്നതായിരുന്നു.കഴിഞ്ഞ സീസണിൽ ടീമിൽ കളിച്ചിരുന്ന വിദേശ താരങ്ങളിൽ ലോയൽറ്റിയുടെ പ്രതീകമായി മാർക്കോ ലെസ്‌കോവിച്ചും അഡ്രിയാൻ ലൂണയും ബ്ലാസ്റ്റേഴ്‌സിനെ കിരീടമണിയിക്കാൻ ഈ സീസണിലും ടീമിലുണ്ടാകും.



കഴിഞ്ഞ സീസണിൽ കൈയെത്തും ദൂരത്തു നഷ്ടമായ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം തിരിച്ചു പിടിക്കുവാൻ പുതിയ താരങ്ങളും സ്റ്റാഫുകളെയും എത്തിച്ചു പുതിയ ടീമും പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെ പുതിയ തന്ത്രങ്ങളുമായ് ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിന് തയ്യാറെടുക്കുകയാണ്.ഫിഫ വിലക്ക് കാരണം യു എ ഇ യിലെ പ്രീസീസൺ താളം തെറ്റിയെങ്കിലും പകരമായി കളിച്ച പ്രീസീസൺ മത്സരങ്ങളിലെല്ലാം ഉഗ്രൻ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.ആരവങ്ങളും ആളുമൊഴിഞ്ഞ കഴിഞ്ഞ സീസണുകളിൽ നിന്നും പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെത്തുമ്പോൾ ഏഷ്യയിലെ തന്നെ പേരുകേട്ട ഫാൻസ്‌ എന്നറിയപ്പെടുന്ന മഞ്ഞപ്പടയുടെ പിന്തുണ ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിന് ശക്തിയേകും.കിടിലൻ വിദേശ താരങ്ങളെ കൂടാതെ യുവത്വവും പോരാട്ടവീര്യവും നിറഞ്ഞ ഇന്ത്യൻ താരങ്ങൾ കൂടി മഞ്ഞയണിയുമ്പോൾ ഓരോ പൊസിഷനിലേക്കും പകരം വെക്കാൻ കഴിയുന്ന താരസമ്പന്നമായ സ്‌ക്വാഡ് തന്നെയാണ് ഇക്കുറി ഇവാൻ ആശാന് ലഭ്യമായിട്ടുള്ളത്.

Comments